കറക്കുയന്ത്രം

ഇത് കവിയുടെ ഇരിപ്പിടം...കവിതകൾക്ക് മാത്രമായൊരിടം... Classic Smiley മുജി കൊട്ടപറമ്പന്‍നിങ്ങളെ സ്വാഗതം ചെയ്യുന്നു.

ലേബല്‍

13 Dec 2013

ഞാനെന്ന ശരി



നിന്‍റെ വായ നീ മൂടി കെട്ടുക
അതിന്‍റെ ശബ്ദം മൗനമായിരിക്കട്ടെ
എന്നിലേക്ക്‌ തുറന്നിട്ട കണ്ണുകള്‍
നിന്നിലേക്ക്‌ തന്നെ തിരിച്ചെടുക്കുക

ഇടയ്ക്കിടെ എന്നെ കുറ്റപ്പെടുത്തുന്ന
നിന്‍റെ വാക്കുകള്‍ അസഹ്യമാകുന്നു
എന്‍റെ വഴികളെ പിന്തുടര്‍ന്നവ
ഞാന്‍ തെറ്റാണെന്ന് വിളിച്ചുകൂവുന്നു

എനിക്കറിയാം ഞാന്‍ ശരിയാണെന്ന്
സര്‍വ്വ ശരിയും ഞാന്‍ മാത്രമാണെന്ന്
എന്‍റെ ശരികളെ നീ കടമെടുക്കുമ്പോള്‍
അത് തെറ്റായി പരിണമിക്കുമെന്നും

നിന്‍റെ ന്യൂനതകള്‍ കണ്ടെൻ കണ്ണുകള്‍
ആകെ അസ്വസ്ഥ പങ്കിലമാകുന്നു
തെറ്റാണെന്ന് ഇനിയുമറിയാത്ത നീ
വലിയ തെറ്റുകളുടെ പണിപ്പുരയാണ്

എന്‍റെ ശരികളെ നീ കൊണ്ടാടുക
എപ്പോഴും എന്നെ പ്രകീര്‍ത്തിക്കുക
പതിയെ നീയും നിന്‍റെ ന്യൂനതകളും
ഞാനെന്നപോല്‍ വലിയ ശരിയായിടും

11 Dec 2013

മരണവീട്



ഖബറടക്കം കഴിഞ്ഞ്
തിരിച്ചു വരുന്നവര്‍ കേട്ടു
അണ മുറിയാത്ത വിലാപം
മരണ വീട്ടില്‍ നിന്നുറക്കെ

ആരും ആര്‍ത്തു കരഞ്ഞത്
മരിച്ചവന് വേണ്ടിയായിരുന്നില്ല
ജീവിച്ചിരിക്കുന്നവര്‍ വീതിച്ചെടുക്കാന്‍
സ്വത്തില്‍ അവകാശ തര്‍ക്കമാണ്

ഇടയില്‍ കത്തി കുത്തിയവനും
കുത്തേറ്റ് ചോര ചീറ്റിയവനും
വീട്ടുകാരും സകല ബന്ധുക്കളും
ആര്‍ത്തുകരഞ്ഞു കൊണ്ടെയിരുന്നൂ ..

കണ്ടു നിന്നവര്‍ സാഹസപെട്ടത്
ശാന്തി മഴ പെയ്യിക്കാനായിരുന്നില്ല
ശോക മയം പൂണ്ട മരണ വീടൊരു
ഉത്സവപറമ്പാക്കി ആഘോഷിക്കാനാണ്


ഖബറില്‍ കിടക്കുന്ന മനുഷ്യാ,
നീ മാത്രം രക്ഷപെട്ടിരിക്കുന്നു
നിനക്കീ വിലാപ ചടങ്ങില്‍
പങ്കു കൊള്ളേണ്ടി വന്നിട്ടില്ല
കണ്ണീര്‍ പൊഴിച്ചും രക്തം ചിന്തിയും
സ്വയം ബലിയര്‍പ്പിക്കേണ്ടതായും

10 Dec 2013

പുഞ്ചിരി ദാനം!



ഒരു ചെറു പുഞ്ചിരിയാല്‍
ഒരായിരം മുഖങ്ങളില്‍
വെളിച്ചം വിരിയിക്കാം...

കറ വീണിരുണ്ടുറഞ്ഞിടാം
ഹൃദയ തന്തുക്കളില്‍
പരിവര്‍ത്തനത്തിന്‍ പരാഗമാകാം..

വിട ചൊല്ലി പിരിഞ്ഞു പോം
സൗഹൃ ദത്തിന്‍ പൗര്‍ണ്ണമി
അണയാതെയെന്നും കാത്തു നിര്‍ത്താം..

പുഞ്ചിരിക്കുക, നിന്‍റെ ദുഃഖവേളയില്‍
ഭ്രാന്തനാക്കും നിമിഷങ്ങളില്‍
വേദനയിലൂറും കുസുമ രസങ്ങളായി...

പുഞ്ചിരിക്കുക, എന്നുമെപ്പൊഴും
മനുഷ്യ സ്നേഹത്തിന്‍ അണയാത്ത
നിത്യ സുരഭില ശീലുകള്‍ക്കായി..

9 Dec 2013

വേശ്യാലയ തെരുവ്



രാപ്പകല്‍ ഒഴിവില്ലാതെ
മാന്യന്മാര്‍ എത്തിക്കൊണ്ടിരുന്നു
മാലിന്യം കോരി ഒഴിക്കാന്‍
എരിയും ഒത്തിരി ജന്മങ്ങളുള്ള
ചുവന്ന തെരുവിന്‍ ഇരുളില്‍

നാറും വിസര്‍ജ്യം പേറാന്‍
സ്വയം വിധിക്കപെട്ടവര്‍ - അവ
ഉള്ളിലേക്കാവാഹിച്ചെടുത്ത്
തിരിച്ചു നല്‍കി ഇക്കിളിയും
അനര്‍ഘനിമിഷങ്ങളും

പകരം കിട്ടിയ ചില്ലറ തുട്ടുകള്‍
നെഞ്ചോട്‌ ചേര്‍ത്തവര്‍ നില്‍ക്കും
അടുത്ത വേട്ടക്കാരനായി -പാതി
കരിഞ്ഞ ജീവൻ നിലനിര്‍ത്തുവാന്‍

അവരുടെ മുഖം മൂടികള്‍
അഴിഞ്ഞു വീഴാറില്ല പലപ്പൊഴും
മാന്യതയുടെ മറ പറ്റി വീണ്ടും
ലോകത്തിന്‍ ഇടനായികളില്‍
അവരെ കാണാം പുഞ്ചിരിച്ച്

അവരിട്ട എച്ചില്‍ ഇരന്നു വാങ്ങി
ജീവിതം ഹോമിച്ചവര്‍
കാലത്തിന്‍ നീറുന്ന വിധിയില്‍
വീണു കിടപ്പുണ്ടാകും വഴികളില്‍
പുഴുവരിച്ചും ചീഞ്ഞു നാറിയും

തിരിഞ്ഞു നോക്കാന്‍ അവിടെ
ഒരാളുമുണ്ടാകില്ല കൂട്ടിന്
മര്‍മ്മരം പൊഴിക്കും ഈച്ചകള്‍
ശവം തീനി കഴുകന്മാര്‍ -പിന്നെ
തെരുവു തെണ്ടും നായകള്‍ മാത്രം
കാത്തിരിക്കും തന്‍റെ ഊഴത്തിനായി

കണ്ടേക്കാമവിടെയും മുഖം മൂടികള്‍
ശവത്തില്‍ റീത്ത് വെക്കാനാവില്ല
തന്നെ മോദിപ്പിച്ചാ ശരീരത്തില്‍
കാര്‍ക്കിച്ചു തുപ്പാന്‍ മാത്രം
കപടതയില്‍ കുരുത്ത  നാറും  കഫം!!

3 Dec 2013

വഞ്ചകൻ



ദൈവത്തെ താണു വണങ്ങി
പിശാചിന്‍റെ ആലയിലേക്കവൻ
തിരിച്ചു നടന്നു

അവന്‍റെ മൂലധനം മുഴുവൻ
പിശാചിന്‍റെ കൈകളിലേക്കും
വരവ് ദൈവത്തിൽ നിന്നുമായിരുന്നു

നിക്ഷേപം അധികരിക്കുകയും
വരവ് നിലക്കുകയും ചൈതു
ഒടുവിൽ അവന്‍റെ ആധാരം
ദൈവം പിടിച്ചു വാങ്ങി

ഏകാന്ത പഥികന്‍



കിനാവുകള്‍ വാടി കൊഴിഞ്ഞു പോയൊരീ
ഓര്‍മ്മകള്‍ നനവേറും വാര്‍ദ്ധക്യ വേളയില്‍
ആരുമില്ലാ കൂട്ടിനീ ഏകാന്തത മാത്രമായി

അങ്ങ് ദൂരെ ഉഴിര്‍കൊള്ളും ത്രിസന്ധ്യയില്‍
ഭൂത കാലത്തിന്‍ ചില നെരിപ്പോടുകള്‍ ബാക്കിയായി

എന്തിനോ വേണ്ടി പണിപെട്ട് നാളെണ്ണിയങ്ങനെ
വല നൈത് നിത്യം പെറ്റു കൂട്ടിയ സ്വപ്‌നങ്ങളില്‍
പലതുമീ കരളിന്‍ കലപ്പയില്‍ ചീര്‍ത്തു പോയി

മധുരമാം ബാല്യകാലത്തിന്‍ തുടിപ്പും നിറങ്ങളും
യൗവ്വനത്തിന്‍ കരുത്തിലായി ലയിച്ചു പോയി
തന്തയായി മക്കള്‍ക്ക്‌ താങ്ങും തണലുമായിട്ടുള്ളൊരാ
സ്വര്‍ഗ്ഗ സല്ലാപ വേളയും പതിയെ മരിച്ചു പോയി

മക്കള്‍ക്ക്‌ പോലും വേണ്ടാ വെറുക്കും ശരീരമായി
ശാപ സ്വരം പേറി ഇങ്ങൊറ്റ തുരുത്തിലായി
തുള വീണ നെഞ്ചില്‍ നീറ്റലുണ്ടെങ്കിലും
ജീവിച്ചു തീര്‍ക്കണം വഴിയിലിടറിവീഴാതെയിനിയും
മോഹ സാമ്രാജത്തിന്‍ നിത്യ ശില്‍പ്പങ്ങളില്‍

Post Your Comments Down